ചെന്നൈ: വിമാനത്താവളത്തിന്റെ പേരില്‍ തങ്ങളുടെ കൃഷിയിടവും കിടപ്പാടവും ഏറ്റെടുക്കുന്നതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ ഗ്രാമീണരെ പോലീസ് തല്ലിച്ചതച്ചു. കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളില്‍പ്പെട്ട 22 ഗ്രാമങ്ങളിലെ മുവായിരത്തോളം ഗ്രാമീണരാണ് പ്രതിഷേധവുമായി തിരുവള്ളൂര്‍ കളക്ടറേറ്റിലേക്ക് എത്തിയത്.
ശ്രീപെരുമ്പത്തൂരില്‍ നിര്‍മിക്കാനുദേശിക്കുന്ന വിമാനത്താവളത്തിനുവേണ്ടിയുള്ള സ്ഥലമേറ്റെടുക്കല്‍ നിര്‍ത്തിവെക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ലാത്തിച്ചാര്‍ജില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്ക് സാരമായി പരിക്കേറ്റു. ലാത്തിച്ചാര്‍ജിനെ തുടര്‍ന്ന് ചിതറിയോടിയവരില്‍ ചിലര്‍ക്ക് അഴുക്കുചാലില്‍ വീണും പരിക്കേറ്റു. തിരുവള്ളളൂര്‍ കളക്ടറേറ്റിനു മുന്നില്‍ വാഹനഗതാഗതം രണ്ടു മണിക്കൂറോളം സ്തംഭിച്ചു.
തിരുവള്ളൂര്‍, കാഞ്ചീപുരം എന്നീ ജില്ലകളിലെ 22 ഗ്രാമങ്ങളിലെ 4500 ഏക്കര്‍ ഭൂമി ഏറ്റെടുത്താണ് ശ്രീ പെരുമ്പത്തൂരിനടുത്ത് 'ഗ്രീന്‍ ഫീല്‍ഡ്' വിമാനത്താവളം നിര്‍മിക്കുന്നത്. സ്ഥലമേറ്റെടുക്കാനായി റവന്യൂ അധികൃതര്‍ ചൊവ്വാഴ്ച പോലീസ് അകമ്പടിയോടെ ശ്രീപെരുമ്പത്തൂരിനടുത്തെ കടമ്പത്തൂരില്‍ പോയിരുന്നു. ഭൂമിയേറ്റെടുക്കുന്നതിനെതിരെ ഗ്രാമീണര്‍ ഒറ്റക്കെട്ടായി നിലകൊണ്ടു. പിന്നീട് തിരുവള്ളൂര്‍ തഹസില്‍ദാര്‍ സ്ഥലത്തെത്തി, ഗ്രാമീണര്‍ക്ക് വ്യാഴാഴ്ച തിരുവള്ളൂര്‍ കളക്ടറേറ്റിലെത്തി കളക്ടറെ കണ്ട് സംസാരിക്കാന്‍ അവസരം നല്‍കാമെന്ന് അറിയിച്ചു. അതനുസരിച്ച് 22 ഗ്രാമങ്ങളില്‍നിന്നുള്ള മൂവായിരത്തോളം പേര്‍ നൂറോളം ലോറികളിലായി തിരുവള്ളൂരിലെത്തി. തിരുവള്ളൂര്‍ കളക്ടറേറ്റിനു ഒരു കിലോമീറ്റര്‍ അകലെ കാമരാജ് പ്രതിമയ്ക്കു സമീപത്തുനിന്ന് പ്രകടനമായി കളക്ടറേറ്റിലേക്ക് നീങ്ങാന്‍ ഒരുങ്ങുമ്പോള്‍ പോലീസ് എത്തി. പ്രകടനമായി കളക്ടറേറ്റിലേക്ക് നീങ്ങാന്‍ അനുവാദം വാങ്ങിയിട്ടില്ലെന്നതിനാല്‍ ആ ശ്രമം ഉപേക്ഷിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. ഗ്രാമീണര്‍ പോലീസിന്റെ ആവശ്യത്തിന് വഴങ്ങിയില്ല. മുദ്രാവാക്യം മുഴക്കി കളക്ടറേറ്റിലേക്ക് നീങ്ങാന്‍ ശ്രമിച്ചപ്പോഴാണ് പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്.
പിന്നീട് പോലീസ് ഗ്രാമീണരുമായി ചര്‍ച്ച നടത്തി. അഞ്ചുപേരെ മാത്രം കളക്ടറെ കാണാന്‍ അനുവദിച്ചു.
വിമാനത്താവളം നിര്‍മിക്കാന്‍ ഏറ്റെടുക്കുന്ന സ്ഥലം മുഴുവന്‍ കൃഷിയിടമാണെന്നും കൃഷിയിടങ്ങള്‍ ഒരു കാരണവശാലും ഏറ്റെടുക്കാന്‍ അനുവദിക്കില്ലെന്നും ഗ്രാമീണര്‍ പറഞ്ഞു. വിമാനത്താവളത്തിന്റെ വ്യക്തമായ രൂപരേഖപോലും തയ്യാറാക്കാതെയാണ് 4500 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതെന്നും ഗ്രാമീണര്‍ ആരോപിച്ചു.
( മാതൃഭൂമി)
ലോകം മുഴുവന്‍ ഈ അതിവേഗക്താരുടെ ആര്‍ഭാടം കാരണം ജനങ്ങള്‍ കഷ്ടപ്പെടുകയാണ്.
ReplyDeleteലണ്ടനിലെ കഥ ഇവിടെ നോക്കൂ. എന്നാല്‍ അവിടെ ജനങ്ങള്‍ വിജയിച്ചു.
ഹീത്രൂ വിമാനത്താവള വികസനം