തൃശൂര്‍: ജനവിരുദ്ധ വികസനത്തിനും വ്യവസായവത്കരണത്തിന്റെ മറവില്‍ ഭൂമി ഏറ്റെടുക്കലിനുമെതിരെ സായുധ പോരാട്ടം നടത്തുന്ന മാവോയിസ്റ്റുകളുമായി ചര്‍ച്ചക്ക് തയാറാകുന്ന ഭരണകൂടം ഇതേ ആവശ്യം ഉന്നയിച്ച് രാജ്യമൊട്ടാകെ സമാധാനപരമായി സമരം ചെയ്യുന്നവരുമായി ചര്‍ച്ചക്ക് തയാറാവുന്നില്ലെന്ന് മേധാപട്കര്‍ കുറ്റപ്പെടുത്തി. ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം (എന്‍.എ.പി.എം) സംഘടിപ്പിച്ച ജനകീയ സമരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു എന്‍.എ.പി.എം ദേശീയ കണ്‍വീനറായ മേധ.
അഹിംസാത്മകമായും ജനാധിപത്യ രീതിയിലും സമരം ചെയ്യുന്നവരെ ഭരണകൂടം അവഗണിക്കുകയാണ്. ഇത്തരം അവഗണനയില്‍ നിന്നാണ് മാവോയിസ്റ്റുകള്‍ ഉയര്‍ന്നുവരുന്നത്.
ജനവിരുദ്ധ വികസനത്തെ അക്രമം കൊണ്ട് നേരിടുകയും ജീവനെടുക്കുകയും ചെയ്യുന്ന രീതിയാണ് മാവോയിസ്റ്റുകളുടെത്. പ്രത്യാക്രമണം കൊണ്ടാണ് സര്‍ക്കാര്‍ ഇതിനെ നേരിടുന്നത്. മാവോയിസ്റ്റുകള്‍ ആയുധംവെച്ച് വെടിനിര്‍ത്തണം.മറുഭാഗത്ത് സര്‍ക്കാറും അക്രമം അവസാനിപ്പിക്കണം. സായുധ സമരങ്ങളോട് എന്‍.എ.പി.എമ്മിന് യോജിപ്പില്ല. സായുധ സമരങ്ങള്‍ക്കും അതിനെ നേരിടുന്ന സര്‍ക്കാര്‍ സമീപനങ്ങള്‍ക്കുമിടയില്‍ നീതിയും ജനാധിപത്യവും പുലരണമെന്നാഗ്രഹിക്കുന്നവരുണ്ട്. മാവോയിസ്റ്റുകള്‍ ഉണ്ടായിത്തീരുന്ന സാഹചര്യമാണ് ഇല്ലാതാക്കേണ്ടത്.
ജനവിരുദ്ധ വികസനത്തിന്റെയും വ്യവസായവത്കരണത്തിന്റെയും മറവില്‍ പകല്‍കൊള്ളയാണ് രാജ്യത്ത് അരങ്ങേറുന്നത്. കൃഷിഭൂമികള്‍ വരെ പ്രത്യേക സാമ്പത്തിക മേഖലയാക്കി റിയല്‍ എസ്‌റ്റേറ്റ് മാഫിയ കച്ചവടം ചെയ്യുന്നു. മന്ത്രിമാര്‍ തുടങ്ങി താഴെക്കിടയിലുള്ളവര്‍വരെ ഈ സംഘത്തിലുണ്ട്. കിനാലൂര്‍ ഇതിന്റെ ഉദാഹരണമാണ്. ആദിവാസികളും കര്‍ഷകരും ഭൂരഹിതരായി മാറുന്നു. ജനങ്ങളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടങ്ങള്‍ മരവിപ്പിക്കുന്നു. അവകാശ ധ്വംസനം അരങ്ങേറുന്നു. പുതിയ പാതകളുടെ പേരില്‍ നഗരങ്ങളും ഗ്രാമങ്ങളും വിഭജിക്കപ്പെടുകയാണ്. ജനങ്ങള്‍ക്ക് എന്തുസംഭവിക്കുന്നുവെന്നതിനെക്കുറിച്ച് ഭരണാധികാരികള്‍ക്ക് ആശങ്കയോ വേവലാതിയോ ഇല്ല.
70 കളില്‍ കേരളത്തില്‍ ജനകീയ സമരങ്ങളുടെ മുന്നില്‍ നിന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ഇപ്പോഴത്തെ നിലപാട് ദുഃഖിപ്പിക്കുന്നതാണ്. ജനകീയ സമരങ്ങളെ മുളയില്‍ നുള്ളാനാണ് ഭരണകൂടങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും താല്‍പര്യം. ജനകീയ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ദേശീയ ജനകീയ പാര്‍ലമെന്റ് എന്ന ചിന്ത ഉയര്‍ന്നുവന്നിട്ടുണ്ട്. നിയമ നിര്‍മാണ സഭയായ പാര്‍ലമെന്റിന് സമാന്തരമല്ല ഈ സംവിധാനം- അവര്‍ വ്യക്തമാക്കി.
ജിയോ ജോസ് അധ്യക്ഷത വഹിച്ചു. ബി.ആര്‍.പി.ഭാസ്‌കര്‍, സര്‍വോദയ മണ്ഡലം സംസ്ഥാന പ്രസിഡന്റ് തായാട്ട് ബാലന്‍, വിവിധ പോരാട്ട സംഘങ്ങളെ പ്രതിനിധീകരിച്ച് ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, ളാഹ ഗോപാലന്‍, ജോഷി ജേക്കബ്, ടി.പീറ്റര്‍, ഹാഷിം ചേന്നമ്പിള്ളി, പി.വി. സുധീര്‍ കുമാര്‍, ജോണ്‍ പെരുവന്താനം, കെ. റഹ്മത്തുല്ല, ഫാ. റോബിന്‍ പെങ്ങാനത്ത്, പി.കെ.എം. ചേക്കു, ദീപക് ദയാനന്ദന്‍, ഹരി ചക്കരക്കല്‍, സി.എഫ്. ജോര്‍ജ്, ടി.കെ. വാസു എന്നിവര്‍ സംസാരിച്ചു. പ്രഫ. കുസുമം ജോസഫ് സ്വാഗതം പറഞ്ഞു.
(മാധ്യമം)
No comments:
Post a Comment