July 16, 2010

എല്ലായിടത്തും ഇത് ഒരു സത്യം തന്നെ

മലയാളം പത്രം

മാതൃഭുമി : ഭോപ്പാല്‍ ലേഖനങ്ങള്‍

ഭോപ്പാല്‍ ഇനിയുമുറങ്ങില്ല


വി. രാജഗോപാല്‍


ഇനി ഭോപ്പാലിനെ മറക്കാം. കാല്‍ നൂറ്റാണ്ട് മുമ്പൊരു അര്‍ധരാത്രിയില്‍ യൂണിയന്‍ കാര്‍ബൈഡില്‍നിന്ന് ചോര്‍ന്ന വിഷവാതകം ആയിരങ്ങളെ കൊന്നൊടുക്കിയ മഹാദുരന്തത്തിന്റെ അവസാന രംഗത്തിന്റെയും തിരശ്ശീല വീഴുന്നുമൂവായിരത്തിയെട്ട് രേഖകളുടെ പിന്‍ബലത്തോടെ നൂറ്റിയെഴുപത്തിയെട്ട് സാക്ഷിമൊഴികളിലൂടെ ഇരുപത്തിമൂന്നു കൊല്ലം നീണ്ട വിചാരണയ്‌ക്കൊടുവില്‍ സി.ബി.ഐ. കേസിന്റെ വിധി വന്നപ്പോള്‍ അന്തിമവിജയം അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകകള്‍ തന്നെ ആവര്‍ത്തിച്ചുറപ്പിക്കുന്നു.

മീഥൈന്‍ ഐസോ സൈനേറ്റില്‍ ജീവിതം ഹോമിച്ചവരോടൊപ്പം ജീവിക്കാനും ഫലപ്രദമായ ചികിത്സയ്ക്കും വേണ്ടി പൊരുതുന്നവരുടെയും ചരിത്രം കടങ്കഥപോലെ. ദുരിതബാധിതരെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള ഭരണകൂടങ്ങള്‍ മുഖം തിരിച്ചുനിന്നപ്പോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ വ്യവസായ ദുരന്തം ജനാധിപത്യസംസ്‌കാരത്തിന്റെ ശപിക്കപ്പെട്ട അധ്യായമായി ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലെത്തുന്നു.

വാതകം ചോര്‍ന്നതിന്റെ പിറ്റേന്ന് പുലര്‍ച്ചെ നല്ല മൂടല്‍മഞ്ഞും തണുപ്പുമുള്ള ഡിസംബര്‍ പ്രഭാതത്തില്‍ ഭോപ്പാലില്‍ വന്നിറങ്ങുമ്പോള്‍ കണ്ട ഭയാനക ചിത്രങ്ങള്‍ ഇന്നും ഓര്‍മയിലുണ്ട്. ഫാക്ടറിക്കു മുന്നിലെ 'ജൂഗ്ഗി' (കുടില്‍) 'ബസ്തി' (കോളനി)കളിലും ഒന്നുമറിയാതെ ഉറങ്ങിക്കിടന്ന കുട്ടികളും അച്ഛനമ്മമാരുമടങ്ങുന്ന കുടുംബങ്ങള്‍ ഉണരാതെ പോയ രാത്രിയില്‍ വെറുമൊരു ഞെട്ടലില്‍ പാതിയുറക്കത്തില്‍നിന്നുണര്‍ന്ന് ജീവനും കൊണ്ടോടുന്നതിനിടയില്‍ വഴി നീളെ പിടഞ്ഞുവീണുമരിച്ചവരുടെ തലങ്ങും വിലങ്ങും കിടന്ന ശവങ്ങള്‍ ഇന്നും വേട്ടയാടുകയാണ്.

പഴയ ഭോപ്പാലില്‍ എണ്ണിയാലൊടുങ്ങാതെ അനാഥരും വിധവകളുമാണ് എവിടെയും. ചുണ്ടും മൂക്കും കണ്ണുമില്ലാത്ത വൈകല്യമുള്ള കുട്ടികള്‍. മനോരോഗികള്‍ പെരുകുന്നു. നഷ്ടപരിഹാരം ഒന്നിനും തികയാതെ വരുമ്പോള്‍ ദുരിതബാധിതരുടെ തീരാദുരിതങ്ങള്‍ക്കും ഒരവസാനവുമില്ല മനുഷ്യജന്മങ്ങള്‍ ഇവിടെ ഹോമിക്കപ്പെടുകയാണ്. വാതകമേറ്റ് മരിച്ചവരേക്കാള്‍ നരകയാതനകളുമായി മരണത്തോട് മല്ലടിക്കുന്ന പതിനായിരങ്ങള്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്നു. പഴകി ദ്രവിച്ച യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറി കെട്ടിടവും പരിസരവും കാടുപിടിച്ച് കിടക്കുന്നു.

ഇരുപത്തഞ്ചു വര്‍ഷത്തെ വഞ്ചനയുടെ ചുമരെഴുത്തുകളായിരുന്നു എവിടെയും. ആയിരങ്ങളുടെ കൂട്ടക്കുരുതിക്കും പതിനായിരങ്ങളുടെ തീരാദുരിതങ്ങള്‍ക്കും കാരണക്കാരനായ കൊലയാളിയായി ഭോപ്പാലിന്റെ മനസ്സിലേക്കിറങ്ങിയ കാര്‍ബൈഡ് സി.ഇ.ഒ. വാറന്‍ ആന്‍ഡേഴ്‌സന്റെ കോലം വഴിയോരങ്ങളില്‍ ദിവസേന കത്തിയമരുമ്പോള്‍ ബഹുരാഷ്ട്ര കുത്തകകള്‍ക്കെതിരായ ജനരോഷത്തിന്റെ നേര്‍ക്കാഴ്ചകളായി അവ നിറയുന്നു.

ഭോപ്പാലില്‍ നിന്ന് ഏറ്റവുമൊടുവില്‍ അഞ്ചാമത്തെ യാത്രയില്‍ മടങ്ങുമ്പോള്‍ പതിവുപോലെ ഇത്തവണയും പ്രതീക്ഷകള്‍ ബാക്കിനിന്നു. കേസ് കഴിയുമ്പോഴെങ്കിലും, ബാക്കിയാവുന്ന ദുരിതബാധിതര്‍ക്ക് കാര്യമായ നഷ്ടപരിഹാരം കിട്ടാതിരിക്കില്ല. ഇനിയൊരിക്കലും ഇത്തരമൊരു ദുരന്തം ആവര്‍ത്തിക്കാനാവാത്ത വിധത്തില്‍ ബന്ധപ്പെട്ടവര്‍ക്കെല്ലാം കടുത്ത ശിക്ഷഒടുവില്‍ വിധി വരുമ്പോള്‍ എല്ലാം ജലരേഖകളായി മാറുന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയ ഏഴു പ്രതികള്‍ക്ക് രണ്ടു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും. കാര്‍ബൈഡിന് അഞ്ചു ലക്ഷം പ്രത്യേക പിഴയും.

അതേസമയം കാര്‍ബൈഡ് ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്‌സനെപ്പറ്റി വിധിയില്‍ യാതൊരു പരാമര്‍ശവുമില്ല. അന്നത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി അര്‍ജുന്‍സിങ്ങിന്റെ ഒത്താശയോടെ കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട് അമേരിക്കയില്‍ പൊങ്ങിയ ആന്‍ഡേഴ്‌സന്‍ ഇന്നും ന്യൂയോര്‍ക്കിലെ ലോങ് ഐലന്‍ഡില്‍ സസുഖം വാഴുന്ന കാര്യം ഓര്‍ക്കുക. ബഹുരാഷ്ട്ര കുത്തകകള്‍ മുന്‍കൂട്ടി എഴുതുന്ന 'തിരക്കഥ'യിലെന്നപോലെ കാര്യങ്ങള്‍ നടക്കുന്നു.

ദുരന്തത്തിനിരയായവരുടെ കൂട്ട ശവസംസ്‌കാരം നടന്ന ചോളാ ശ്മശാനത്തിലെ 'സ്മൃതി ഉദ്യാനി'ല്‍നിന്ന് മടങ്ങുമ്പോള്‍ ശ്മശാന സൂക്ഷിപ്പുകാരന്‍ ശിവചരണ്‍ ദൗള്‍ പൂരിയ ചോദിച്ചു: ''ജീവിച്ചിരിക്കുന്നവരെപ്പോലും ശ്രദ്ധിക്കാന്‍ സമയമില്ലാത്ത സര്‍ക്കാറിന് മരിച്ചവരെപ്പറ്റി ഓര്‍ക്കാന്‍ സമയമെവിടെ.'' സര്‍ക്കാര്‍ മാത്രമല്ല എല്ലാവരും ഭോപ്പാല്‍ ദുരന്തവും ദുരന്തബാധിതരെയും മറന്നുകഴിഞ്ഞു. ദുരന്തത്തിനുശേഷം അഞ്ചുതവണ ഭോപ്പാലിലെത്തിയിട്ടും ഇപ്പോള്‍ മനസ്സ് ശൂന്യമാവുന്നു.

എല്ലാ പ്രതീക്ഷകളും അവസാനിക്കുന്നു. വാതകദുരന്ത ബാധിതരുടെ ഒടുങ്ങാത്ത ദുരിതങ്ങളും തേടിയുള്ള മറ്റൊരു യാത്രയ്ക്ക് അര്‍ഥമില്ലാതാവുന്നു. അതിനിയില്ല. ഇരുപത്തിയഞ്ചല്ല, അന്‍പത് കൊല്ലം കഴിഞ്ഞാലും ദുരിതങ്ങള്‍ തുടരുകതന്നെ ചെയ്യും. എന്റെ മനസ്സിലെ ശവങ്ങളുടെ നഗരമായ ഭോപ്പാലിനോട് വിട; ശവങ്ങളെപ്പോലെ ജീവിക്കാന്‍ വിധിക്കപ്പെട്ട ഒന്നുമറിയാത്ത പാവങ്ങളോടും. ഭോപ്പാലിന്റെ ഓര്‍മകള്‍ക്ക് ഇനിയുമുറങ്ങാനാവില്ല...


അനുഭാവമില്ലാത്ത ഭരണകൂടങ്ങള്‍


പി. മനോജ്


ദുരന്തബാധിതര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യതയില്‍നിന്ന് സ്വകാര്യ കമ്പനികളെ പരമാവധി സംരക്ഷിച്ചു നിര്‍ത്തുകയെന്നതാണ് മിക്ക രാജ്യങ്ങളിലെയും ഭരണകൂടനയം. അമേരിക്കയില്‍ 1957ല്‍ പാസ്സാക്കിയ െ്രെപസ്ആന്‍ഡേഴ്‌സണ്‍ നിയമം ഇതിനു മികച്ച ഉദാഹരണമാണ്. ആണവനിലയങ്ങളില്‍ ദുരന്തമുണ്ടായാല്‍ നിലയത്തിന്റെ നടത്തിപ്പുകാരായ ആഭ്യന്തര കമ്പനിയുടെ നഷ്ടപരിഹാര ബാധ്യത ലഘൂകരിക്കുക എന്നതായിരുന്നു നിയമനിര്‍മാണത്തിന്റെ ഉദ്ദേശ്യം.

2001 സപ്തംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് യു.എസ്. ഭരണകൂടം നഷ്ടപരിഹാരം നല്‍കിയത് വിമാനക്കമ്പനികള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുമെതിരെ കേസിനു പോവരുത് എന്ന ഉപാധിയോടെയാണ്. അമേരിക്കയിലെ ത്രീ മൈല്‍ ഐലന്‍ഡ് ആണവനിലയത്തില്‍ 1979ലുണ്ടായ ദുരന്തത്തിന്റെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കിയത് െ്രെപസ്ആന്‍ഡേഴ്‌സണ്‍ നിയമത്തിലെ വ്യവസ്ഥകളനുസരിച്ചാണ്. സംഭവത്തില്‍ ആരും മരണമടഞ്ഞിട്ടില്ല എന്ന ഔദ്യോഗിക ഭാഷ്യം സാമൂഹിക പ്രവര്‍ത്തകരും ബദല്‍ മാധ്യമങ്ങളും വിശ്വസിക്കുന്നേയില്ല.

ദുരന്തത്തെത്തുടര്‍ന്ന് പരിസരപ്രദേശം വിട്ടുപോവേണ്ടിവന്നവര്‍ക്കും ആരോഗ്യപ്രശ്‌നങ്ങളുണ്ടായവര്‍ക്കുമൊക്കെയാണ് നഷ്ടപരിഹാരം കൊടുത്തത്. ഇന്‍ഷുറന്‍സ് കമ്പനികളും നിലയത്തിന്റെ ഉടമസ്ഥരായ സ്വകാര്യ കമ്പനികളും ചേര്‍ന്ന് ഏഴു കോടി ഡോളറാണ് ഈയിനത്തില്‍ ആകെ ചെലവിട്ടത്. സപ്തംബര്‍ 11 ദുരന്തബാധിതര്‍ക്ക് എഴുനൂറു കോടി ഡോളറാണ് നഷ്ടപരിഹാരമായി വിതരണം ചെയ്തത്. വിമാനക്കമ്പനികള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുമെതിരെ കേസിനു പോവില്ലെന്ന ഉറപ്പു സമ്പാദിച്ചുകൊണ്ടുള്ള കരാറായിരുന്നു ഇതെന്ന് നേരത്തേ സൂചിപ്പിച്ചല്ലോ.

ദുരന്തത്തില്‍ മരിച്ച 98 ശതമാനം പേരുടെയും കുടുംബങ്ങള്‍ ഈ ഉപാധിക്കു വഴങ്ങി. നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്ന മുറവിളികള്‍ ബാക്കിയായി. ഭോപ്പാല്‍ വിഷവാതകദുരന്തത്തിന് ഉത്തരവാദിയായ യൂണിയന്‍ കാര്‍ബൈഡ് എന്ന അമേരിക്കന്‍ കമ്പനിയുമായി ഇന്ത്യ 1989ല്‍ ഉണ്ടാക്കിയ നഷ്ടപരിഹാരക്കരാര്‍ സ്വകാര്യ മൂലധനത്തോടുള്ള ഭരണകൂട വിധേയത്വത്തിന്റെ പ്രകടമായ ഉദാഹരണമാണ്. തുച്ഛമായ 47 കോടി ഡോളറാണ് യൂണിയന്‍ കാര്‍ബൈഡ് നല്‍കിയത്.

ഇന്ത്യന്‍ സര്‍ക്കാറിന്റെ കരുതിക്കൂട്ടിയുള്ള കീഴടങ്ങലായിരുന്നു അത്. വിഷവാതക ദുരന്തവുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസിന്റെ നടത്തിപ്പിലും സര്‍ക്കാര്‍ ഇതേ സമീപനമാണ് കൈക്കൊണ്ടതെന്ന് പരക്കെ ആരോപണമുണ്ട്. വിദേശമൂലധനനിക്ഷേപത്തിന്റെ വരവിനെ നിരുത്സാഹപ്പെടുത്തരുതെന്ന വികാരമാണ് നമ്മുടെ ഭരണാധികാരികളെ നയിച്ചതെന്നു വേണം കരുതാന്‍. അല്ലെങ്കില്‍ ഈ കേസ് ഇത്ര ദുര്‍ബലമാവുമായിരുന്നില്ല.