ദന്തവാഡെയില്‍ ദളിത് കോളനി കത്തിച്ചാമ്പലാക്കിയത് മാവോവിദികളുമായുള്ള ഏറ്റുമുട്ടലിന്റെ ഭാഗമായിരുന്നുവെന്ന പോലീസ് ഭാഷ്യം കള്ളമാണെന്ന് വസ്തുതാ അന്വേഷണ സംഘം. സംഭവം അന്വേഷിക്കുന്ന 13 അംഗ സംഘം മാധ്യമങ്ങള്‍ക്കു നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ആക്രമണ സംഭവങ്ങളുണ്ടായ ദന്തവാഡെയിലെ ചിന്താല്‍നാര്‍, തിമ്മപുരം, തഡ്‌മേറ്റ്‌ല തുടങ്ങിയ പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിച്ചു. മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലുണ്ടായി എന്ന പോലീസിന്റെ കഥ പച്ചക്കള്ളമാണെന്നാണ് ഇവിടങ്ങളില്‍ നിന്നും വ്യക്തമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കീഴടങ്ങിയ മാവോയിസ്റ്റുകളും ഗോത്രവര്‍ഗക്കാര്‍ ഉള്‍പ്പെട്ട കോയ കമാന്‍ഡോസും സി.ആര്‍.പി.എഫിന്റെ ഭാഗമായ കോബ്രയും ചേര്‍ന്നാണ് ദന്തേവാഡെയിലേക്ക് പോയത്. ഇവിടെയെത്തിയ ഇവര്‍ രണ്ട് ആദിവാസികളെ കൊല്ലുകയും, മൂന്ന് സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും 300 ഓളം വീടുകളും കുടിലുകളും കത്തിച്ചുകളയുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഈ ക്രൂരകൃത്യങ്ങളൊക്കെ ചെയ്തത് സംസ്ഥാന സര്‍ക്കാറിന്റെ പിന്തുണയോടുകൂടിയാണ്. സാല്‍വാ ജൂദുമിന്റെ ആക്രമണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും കൃത്യമായി നടക്കുന്നെണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. സാല്‍വാ ജൂദൂം നിരോധിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടും അതിനെ വളര്‍ത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നത് സംസ്ഥാന സര്‍ക്കാര്‍ തന്നെയാണെന്നും ഇവര്‍ വ്യക്തമാക്കുന്നു. ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടിന്റെ പേരില്‍ സര്‍ക്കാര്‍ സഹായത്തോടെ പോലീസും സാല്‍വാ ജൂദുമും പാവപ്പെട്ട ഗോത്രവര്‍ഗക്കാരെ കൊന്നൊടുക്കുകയാണെന്നും അന്വേഷണ സംഘം കുറ്റപ്പെടുത്തി.
ഇവര്‍ക്കെതിരെ ബലാത്സംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് കേസെടുക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കണമെന്നും, മാനഭംഗത്തിനിരയായ യുവതികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ മാര്‍ച്ച് 11ന് ചിന്‍തല്‍നറിലെ പോലീസ് ക്യാമ്പിന്റെ 15 മീറ്റര്‍ പരിധിക്കുള്ളിലെ ആദിവാസി കുടിലുകള്ളിലായിരുന്നു മാവോവേട്ടയെന്ന പേരില്‍ പോലീസ് ആക്രമണം നടത്തിയത്. മാവോയിസ്റ്റുകള്‍ നടത്തുന്നത് എന്ന് പറയുന്ന ആയുധഫാക്ടറിക്ക് നേരെ സി.ആര്‍.പി.എഫിന്റെ കോബ്ര ബറ്റാലിയനും കീഴടങ്ങിയ മാവോയിസ്റ്റുകളുടെ സംഘടനയായ കോയ സ്‌ക്വാഡും ചേര്‍ന്ന് ആക്രമണം നടത്തുകയായിരുന്നു.
ജയ് കിഷന്‍ എന്ന കുപ്രസിദ്ധ മാവോയിസ്റ്റ് അടക്കം നൂറോളം ആളുകള്‍ ഫാക്ടറിയില്‍ ഉണ്ടായിരുന്നുവെന്നായിരുന്നു പോലീസ് നിഗമനം. ആദിവാസി കുടിലുകള്‍ ഉള്‍പ്പെടുന്ന മേഖലയിലായിരുന്നു ഫാക്ടറി സ്ഥാപിച്ചിരുന്നത്.
മാര്‍ച്ച് 11ന് 350 ഓളം വരുന്ന പോലീസ് സേന പ്രദേശം വളയുകയും തുരുതുരാ വെടിയുതിര്‍ക്കുകയുമായിരുന്നു. പ്രദേശത്ത് ജോലിയിലേര്‍പ്പെട്ടിരുന്ന പുരുഷന്‍മാരെ കൊല്ലുകയും സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ചെയ്തു. സ്വന്തം മക്കളുടെ കണ്‍മുന്നില്‍ വച്ച് മാനഭംഗത്തിനിരയായ അമ്മമാരുടെ നിലവിളി മാധ്യമങ്ങളിലൂടെയാണ് പുറം ലോകം അറിഞ്ഞത്. ഇതിനിടയക്ക് ആദിവാസികള്‍ താമസിക്കുന്ന കുടിലുകളും ചെറിയ വീടുകളും അഗ്‌നിക്കിരയാക്കി. കുറച്ച് ഗ്രാമവാസികളെയും പോലീസുകാര്‍ പിടിച്ചുകൊണ്ടുപോയി. തുടര്‍ന്ന് ഇവരെ ചിന്‍തല്‍നര്‍ സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. കസ്റ്റഡിയിലായ രാത്രി മുഴുവന്‍ പോലീസുകാരുടെ കടുത്ത പീഡനമേല്‍ക്കാനായിരുന്നു ഇവരുടെ വിധി.
മാര്‍ച്ച് 13നും സേനയുടെ ഓപ്പറേഷന്‍ തുടര്‍ന്നു
ഓപ്പറേഷന്‍ പുരോഗമിക്കവേ കോയ സ്‌ക്വാഡിലെ അംഗങ്ങള്‍ തിമപുരം ഗ്രാമത്തിലേക്ക് തിരിച്ചു. എന്നാല്‍ നീക്കം നേരത്തേ മണത്തറിഞ്ഞ ഗ്രാമത്തിലെ ആളുകള്‍ തിമപുരം നേരത്തേ കാലിയാക്കി. കലിയടങ്ങാത്ത സേനാംഗങ്ങള്‍ ഗ്രാമത്തില്‍ വീടുകളും വളര്‍ത്തുമൃഗങ്ങളും അടക്കം കണ്ണില്‍ കണ്ടെതെല്ലാം അഗ്‌നിക്കിരയാക്കി.
തുടര്‍ന്ന് മാര്‍ച്ച് 14ന് മാവോയിസ്റ്റുകളും കോയാ സ്‌ക്വാഡ് അംഗങ്ങളും തമ്മില്‍ കടുത്ത പോരാട്ടം നടന്നു. ഇതില്‍ മൂന്ന് കോയ സ്‌ക്വാഡിലെ അംഗങ്ങള്‍ കൊല്ലപ്പെട്ടു. അന്ന് രാത്രി ഗ്രാമത്തില്‍ തങ്ങിയ കോയ അംഗങ്ങള്‍ അവിടം വിടുന്നതിന് മുമ്പ് നിരവധി വീടുകളും കെട്ടിടങ്ങളും നശിപ്പിച്ചു. അവരുടെ കൈയ്യിലകപ്പെട്ട ബാര്‍സ് ഭീമ എന്ന ഗ്രാമീണനെ മഴു ഉപയോഗിച്ച് വെട്ടിക്കൊന്നു .
തട്ടിയെടുത്ത മറ്റൊരു ഗ്രാമീണനായ മനു യാദവിനെ ചിന്‍തല്‍നറിലേക്ക് കൊണ്ടുപോവുകയും അവിടെവെച്ച് വെടിവെച്ചുകൊല്ലുകയുമായിരുന്നു. എന്നാല്‍ ഇയാള്‍ മോവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നു എന്ന വാദമാണ് പോലീസ് നിരത്തിയത്.
മാര്‍ച്ച് 16നും പോലീസ് സംഘം ‘ മാവോയിസ്റ്റ് വേട്ട’ യ്ക്കിറങ്ങി. തര്‍മേത്‌ല ഗ്രാമം വളഞ്ഞ സേനാംഗങ്ങള്‍ ധാന്യപ്പുരകളും വീടുകളും കെട്ടിടങ്ങളും തകര്‍ത്തു. തുടര്‍ന്ന് മാധവി ഹണ്ട, മാധവി ഐത്ത എന്നീ രണ്ടു ഗ്രീമീണരെയും ഇവര്‍ തട്ടിക്കൊണ്ടുപോയി. ഇവര്‍ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നതിനെക്കുറിച്ച് ഇപ്പോഴും ആര്‍ക്കും ഒരു വ്യക്തതയുമില്ല.
സ്വാമി അഗ്നിവേശിനെതിരെയും ആക്രമണമുണ്ടായി
പോലീസ് അതിക്രമത്തിനിരയായ ദളിത് കോളനി സന്ദര്‍ശിക്കാനെത്തിയ സ്വാമി അഗ്‌നിവേശിനും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ സാല്‍വജുദൂം ആക്രമണം നടത്തുകയുണ്ടായി. സ്‌പെഷ്യല്‍ പോലീസ് ഓഫീസേഴ്‌സ്(എസ്.പി.ഒ)യുടെ സഹായത്തോടെയായിരുന്നു ആക്രമണം നടത്തിയത്.
കോളനിയില്‍ അതിക്രമത്തിനിരയായവരെ നേരിട്ട് കാണാനും അവര്‍ക്ക് ദുരിതാശ്വാസം നല്‍കാനുമായിരുന്നു അഗ്‌നിവേശ് എത്തിയത്. വീടും സ്വത്തുക്കളും അഗ്‌നിക്കിരയായവര്‍ക്ക് ആഹാരങ്ങളും വസ്ത്രങ്ങളുമായാണ് സ്വാമി അഗ്‌നിവേശിന്റെ നേതൃത്വത്തില്‍ സംഘം ഗ്രാമത്തിലെത്തിയത്.
സംസ്ഥാനത്ത് സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സാല്‍വജുദൂം സംഘടനയുടെ നേതൃത്വത്തിലുള്ള സംഘം അഗ്‌നിവേശിനെ തടഞ്ഞുവെക്കുകയായിരുന്നു. അഗ്‌നിവേശിന് നേരെ ചീഞ്ഞ മുട്ട എറിയുകയും അദ്ദേഹത്തിന്റെ തലപ്പാവ് അഴിക്കുകയും ചെയ്തു. അദ്ദേഹത്തിന് നേരെ കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തു. മാവോയിസ്റ്റ് അത്രികമത്തിന് സ്വാമി പിന്തുണ നല്‍കുകയാണെന്ന് പറഞ്ഞായിരുന്നു സ്വാമിയെ ആക്രമിച്ചത്.
ആദിവാസികള്‍ക്ക് നല്‍കാനായി കൊണ്ട് വന്ന സാധനങ്ങളെല്ലാം സാല്‍വജുദൂം പിടിച്ചെടുത്തു.200 ഓളം വരുന്ന സംഘം നിരവധി മാധ്യമപ്രവര്‍ത്തകരുടെ ക്യാമറകള്‍ തകര്‍ത്തു. മാധ്യമപ്രവര്‍ത്തകരെ മര്‍ദിക്കുകയും ചെയ്തു. പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു ആക്രമണം നടന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.