August 8, 2010

അഹിംസാത്മക സമരം ചെയ്യുന്നവരെ ഭരണകൂടം അവഗണിക്കുന്നു-മേധാപട്കര്‍

തൃശൂര്‍: ജനവിരുദ്ധ വികസനത്തിനും വ്യവസായവത്കരണത്തിന്റെ മറവില്‍ ഭൂമി ഏറ്റെടുക്കലിനുമെതിരെ സായുധ പോരാട്ടം നടത്തുന്ന മാവോയിസ്റ്റുകളുമായി ചര്‍ച്ചക്ക് തയാറാകുന്ന ഭരണകൂടം ഇതേ ആവശ്യം ഉന്നയിച്ച് രാജ്യമൊട്ടാകെ സമാധാനപരമായി സമരം ചെയ്യുന്നവരുമായി ചര്‍ച്ചക്ക് തയാറാവുന്നില്ലെന്ന് മേധാപട്കര്‍ കുറ്റപ്പെടുത്തി. ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം (എന്‍.എ.പി.എം) സംഘടിപ്പിച്ച ജനകീയ സമരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു എന്‍.എ.പി.എം ദേശീയ കണ്‍വീനറായ മേധ.
അഹിംസാത്മകമായും ജനാധിപത്യ രീതിയിലും സമരം ചെയ്യുന്നവരെ ഭരണകൂടം അവഗണിക്കുകയാണ്. ഇത്തരം അവഗണനയില്‍ നിന്നാണ് മാവോയിസ്റ്റുകള്‍  ഉയര്‍ന്നുവരുന്നത്.
ജനവിരുദ്ധ വികസനത്തെ അക്രമം കൊണ്ട് നേരിടുകയും ജീവനെടുക്കുകയും ചെയ്യുന്ന രീതിയാണ് മാവോയിസ്റ്റുകളുടെത്. പ്രത്യാക്രമണം കൊണ്ടാണ് സര്‍ക്കാര്‍ ഇതിനെ നേരിടുന്നത്. മാവോയിസ്റ്റുകള്‍ ആയുധംവെച്ച് വെടിനിര്‍ത്തണം.മറുഭാഗത്ത് സര്‍ക്കാറും അക്രമം അവസാനിപ്പിക്കണം. സായുധ സമരങ്ങളോട് എന്‍.എ.പി.എമ്മിന് യോജിപ്പില്ല. സായുധ സമരങ്ങള്‍ക്കും അതിനെ നേരിടുന്ന സര്‍ക്കാര്‍ സമീപനങ്ങള്‍ക്കുമിടയില്‍ നീതിയും ജനാധിപത്യവും പുലരണമെന്നാഗ്രഹിക്കുന്നവരുണ്ട്. മാവോയിസ്റ്റുകള്‍ ഉണ്ടായിത്തീരുന്ന സാഹചര്യമാണ് ഇല്ലാതാക്കേണ്ടത്.
ജനവിരുദ്ധ വികസനത്തിന്റെയും വ്യവസായവത്കരണത്തിന്റെയും മറവില്‍ പകല്‍കൊള്ളയാണ് രാജ്യത്ത് അരങ്ങേറുന്നത്. കൃഷിഭൂമികള്‍ വരെ പ്രത്യേക സാമ്പത്തിക മേഖലയാക്കി റിയല്‍ എസ്‌റ്റേറ്റ് മാഫിയ കച്ചവടം ചെയ്യുന്നു. മന്ത്രിമാര്‍ തുടങ്ങി താഴെക്കിടയിലുള്ളവര്‍വരെ ഈ സംഘത്തിലുണ്ട്. കിനാലൂര്‍ ഇതിന്റെ ഉദാഹരണമാണ്. ആദിവാസികളും കര്‍ഷകരും ഭൂരഹിതരായി മാറുന്നു. ജനങ്ങളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടങ്ങള്‍ മരവിപ്പിക്കുന്നു.  അവകാശ ധ്വംസനം അരങ്ങേറുന്നു.  പുതിയ പാതകളുടെ പേരില്‍ നഗരങ്ങളും ഗ്രാമങ്ങളും വിഭജിക്കപ്പെടുകയാണ്. ജനങ്ങള്‍ക്ക് എന്തുസംഭവിക്കുന്നുവെന്നതിനെക്കുറിച്ച് ഭരണാധികാരികള്‍ക്ക് ആശങ്കയോ വേവലാതിയോ ഇല്ല.
70 കളില്‍ കേരളത്തില്‍ ജനകീയ സമരങ്ങളുടെ മുന്നില്‍ നിന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ഇപ്പോഴത്തെ നിലപാട് ദുഃഖിപ്പിക്കുന്നതാണ്. ജനകീയ സമരങ്ങളെ മുളയില്‍ നുള്ളാനാണ് ഭരണകൂടങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും താല്‍പര്യം. ജനകീയ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ദേശീയ ജനകീയ പാര്‍ലമെന്റ് എന്ന ചിന്ത ഉയര്‍ന്നുവന്നിട്ടുണ്ട്. നിയമ നിര്‍മാണ സഭയായ പാര്‍ലമെന്റിന് സമാന്തരമല്ല ഈ സംവിധാനം- അവര്‍ വ്യക്തമാക്കി.
ജിയോ ജോസ് അധ്യക്ഷത വഹിച്ചു. ബി.ആര്‍.പി.ഭാസ്‌കര്‍, സര്‍വോദയ മണ്ഡലം സംസ്ഥാന പ്രസിഡന്റ് തായാട്ട് ബാലന്‍, വിവിധ പോരാട്ട സംഘങ്ങളെ പ്രതിനിധീകരിച്ച് ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, ളാഹ ഗോപാലന്‍, ജോഷി ജേക്കബ്, ടി.പീറ്റര്‍, ഹാഷിം ചേന്നമ്പിള്ളി, പി.വി. സുധീര്‍ കുമാര്‍, ജോണ്‍ പെരുവന്താനം, കെ. റഹ്മത്തുല്ല, ഫാ. റോബിന്‍ പെങ്ങാനത്ത്, പി.കെ.എം. ചേക്കു, ദീപക് ദയാനന്ദന്‍, ഹരി ചക്കരക്കല്‍, സി.എഫ്. ജോര്‍ജ്, ടി.കെ. വാസു എന്നിവര്‍ സംസാരിച്ചു. പ്രഫ. കുസുമം ജോസഫ് സ്വാഗതം പറഞ്ഞു.



(മാധ്യമം

നിലവിലെ കക്ഷി രാഷ്ട്രീയ സമ്പ്രദായത്തിന് മാറ്റമുണ്ടാകണം-ബി.ആര്‍.പി. ഭാസ്‌കര്‍

കൊച്ചി: നിലവിലെ കക്ഷിരാഷ്ട്രീയ  മുന്നണി സമ്പ്രദായത്തിന് മാറ്റമുണ്ടാകേണ്ട കാലം അതിക്രമിച്ചെന്ന് ബി.ആര്‍.പി. ഭാസ്‌കര്‍. ജനകീയ ഐക്യവേദി പ്രഖ്യാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തില്‍നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സാംസ്‌കാരിക-പാരിസ്ഥിതിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ രൂപവത്കരിക്കുന്നതാണ് ജനകീയ ഐക്യവേദി .
രാഷ്ട്രീയക്കാര്‍ക്കുവേണ്ടി അവര്‍ തന്നെ നടത്തുന്ന ഭരണമാണ് ഇപ്പോള്‍ നടക്കുന്നത്.ഇത് ജനങ്ങളും അംഗീകരിച്ച മട്ടാണ്. ഇതിന് മാറ്റം വന്നില്ലെങ്കില്‍ ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകില്ല. ജനതാല്‍പ്പര്യത്തിന് വിരുദ്ധമായാണ് കേരളത്തിലെ ഇരുമുന്നണിയും പ്രവര്‍ത്തിക്കുന്നത്. ഇവര്‍ സമൂഹത്തിലെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നില്ല.ഇരുമുന്നണിയുടെയും തിരിച്ചുവരവ് തടയാന്‍ ജനങ്ങള്‍ക്കാകണം. അതിനുള്ള സാഹചര്യമാണ് ഇപ്പോഴുള്ളത്. അതിനെ പരമാവധി ഉപയോഗിക്കണമെന്നും അദേഹം പറഞ്ഞു.

ഐക്യവേദിയുടെ കീഴില്‍ മല്‍സരിക്കുന്നവര്‍ക്ക് വലിയ പണച്ചെലവില്ലാതെ പ്രചാരണം നടത്താനാകണം. ദലിത്-സ്ത്രീ സംവരണ വാര്‍ഡുകളില്‍ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് ബദലായി പൊതുസമ്മിതിയുള്ളവരെ കണ്ടെത്താന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ബി.ആര്‍.പി. ഭാസ്‌കര്‍, സി.ആര്‍. നീലകണ്ഠന്‍,സിവിക് ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഐക്യവേദി രൂപവത്കരിച്ചത്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അഴിമതി മുക്തമാക്കുക,ആനുകൂല്യ വിതരണത്തിലെ പക്ഷപാതിത്വം അവസാനിപ്പിക്കുക, വികസന പ്രക്രിയയില്‍ ജനതാല്‍പ്പര്യത്തിന് മുന്‍ഗണന നല്‍കുക, പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് സുസ്ഥിര വികസനം സാധ്യമാക്കുക, ദലിത്-ആദിവാസി പദ്ധതികള്‍ പൂര്‍ണമായും നടപ്പാക്കുക തുടങ്ങി 12 ഇന പരിപാടികള്‍ ചടങ്ങില്‍ പ്രഖ്യാപിച്ചു.

രാഷ്ട്രീയത്തിന് നഷ്ടപ്പെട്ട ചിലത് തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐക്യവേദി രൂപവത്കരിച്ചതെന്ന് സിവിക് ചന്ദ്രന്‍ പറഞ്ഞു.ഈ വേദി മുന്നോട്ട് വെക്കുന്നത് അരാഷ്ട്രീയ ഇടപെടലാണെന്ന് വിമര്‍ശിക്കുന്നവരുണ്ടാകാം.എന്നാല്‍, രാഷ്ട്രീയത്തെ  രാഷ്ട്രീയവത്കരിച്ചത് ഇവിടത്തെ രാഷ്ട്രീയക്കാരാണ്. അതുകൊണ്ടാണ് ഇങ്ങനെയൊരു വേദി എന്ന്  അദ്ദേഹം പറഞ്ഞു.
മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിക്കീഴിലല്ലാതെ ജനങ്ങള്‍ സംഘടിക്കേണ്ടത് അത്യാവശ്യമാണെന്ന് ചെങ്ങറ സമരസമിതി നേതാവ് ളാഹ ഗോപാലന്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് കാലതാമസം കൂടാതെ നടത്തണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഐക്യവേദി  നേതൃത്വത്തില്‍ ജയിച്ചുവരുന്നവര്‍ മാനസിക വൈകല്യമുള്ളവര്‍ക്കായി സഹായം ചെയ്യണമെന്ന് ബിഷപ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു. 
പഞ്ചായത്തുകളെ മുന്നണികളില്‍നിന്ന് മുക്തമാക്കാന്‍ സാധ്യത കുറവാണെങ്കിലും ഐക്യവേദിക്ക് അതിന് കഴിയട്ടെയെന്ന് എഴുത്തുകാരി സുഗതകുമാരി സന്ദേശത്തില്‍ ആശംസിച്ചു.
ധിക്കാരികളായ രാഷ്ട്രീയക്കാര്‍ ജനങ്ങളുടെ ശിരസ്സില്‍ അടിച്ചേല്‍പ്പിക്കുന്ന ആണികള്‍ പിഴുതെറിയാന്‍ ജനം തെരഞ്ഞെടുപ്പിനെ ഉപയോഗിക്കണമെന്ന് എഴുത്തുകാരായ സക്കറിയയും പെരുമ്പടവം ശ്രീധരനും പറഞ്ഞു.
കച്ചേരിപ്പടി ആശീര്‍ഭവനില്‍ നടന്ന യോഗത്തില്‍ സാംസ്‌കാരിക, സാമൂഹിക, സാഹിത്യ പ്രവര്‍ത്തകരായ എസ്. സുശീലന്‍, കെ.എ. ഷഫീഖ്,ഡോ. വി. വേണുഗോപാല്‍, ജിയോജോസ്, എം. ശാര്‍ങ്ഗധരന്‍, സുഹൈല്‍ ഹാഷിം,ഹമീദ് വാണിമേല്‍, ജോയി കൈതാരം,എം. നന്ദകുമാര്‍, കെ.കെ. കൊച്ച്,ജഗദീഷ്,റഹ്മത്തുല്ല, സി.ആര്‍. നീലകണ്ഠന്‍ എന്നിവര്‍ പങ്കെടുത്തു.



(മാധ്യമം)