ആന്ധ്രപ്രദേശിലെ ശ്രീകാകുളത്താണ് ഞാന്‍ ജനിച്ചത്. കൊല്‍ക്കത്ത സര്‍വകലാശാലയിലെ അധ്യാപകനായും കൊല്‍ക്കത്ത കോടതിയില്‍ വക്കീലായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് സുപ്രീം കോടതി ചീഫ് ജസ്റ്റിസായ സവ്യസാചി മുഖര്‍ജിയുടെ കീഴിലാണ് 196368 വരെ ഞാന്‍ പ്രാക്ടീസ് ചെയ്തത്.
1967ല്‍ നക്സല്‍ബാരി പ്രസ്ഥാനം ആരംഭിച്ചു. ആ കര്‍ഷക സമരപ്രസ്ഥാനത്തിലേക്ക് പ്രഗല്ഭരായ ആയിരക്കണക്കിന് ആണ്‍കുട്ടികളും പെണ്‍കുട്ടികളും അനുഭാവം പ്രകടിപ്പിച്ച് കടന്നു വന്നു. സാമൂഹ്യനീതിയോട് പ്രതിബദ്ധത പുലര്‍ത്തുന്ന ഇവര്‍ ‘തോക്കിന്‍കുഴലിലൂടെ വിപ്ലവം’ യാഥാര്‍ഥ്യമാവുമെന്ന് ശരിക്കും വിശ്വസിച്ചിരുന്നു.
ഞാന്‍ മാര്‍ക്സിസം പഠിച്ചിട്ടുണ്ട്, എന്നാല്‍ മാവോയിസം എന്താണെന്നു എനിക്കറിയില്ലയായിരുന്നു. അന്ന് പ്രചാരത്തിലിരുന്ന ഒരു ചെറിയ ചുവന്ന പുസ്തകം (Small Red Book) എല്ലാവരുടെയും വശം ഉണ്ടായിരുന്നു. തോക്കെടുക്കാനും അത് മനുഷ്യനെതിരെ പ്രയോഗിക്കാനും എനിക്ക് കഴിയില്ലായിരുന്നു. എന്നാല്‍ ജനങ്ങളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി എന്തെങ്കിലും ആത്മാര്‍ഥമായി പ്രവര്‍ത്തിക്കണമെന്നുണ്ടായിരുന്നു. അതിനുവേണ്ടി ഞാന്‍ ജോലി രാജിവെച്ച് ഹരിയാനയിലേക്ക് പോയി.
അവിടെ അടിമപ്പണി ചെയ്യുന്നവരെ സംഘടിപ്പിക്കുകയും ബാലവേലയില്‍ ഏര്‍പ്പെട്ടവരെ മോചിപ്പിക്കുന്നതിനായി അത്തരം പ്രസ്ഥാനങ്ങള്‍ക്ക് രൂപം കൊടുക്കുകയും ചെയ്തു. അങ്ങനെ പ്രവര്‍ത്തിക്കുമ്പോഴാണ് സ്വാമി അഗ്നിവേശ് എന്ന പേര് എനിക്കു ലഭിക്കുന്നത്.
എന്റെ വസ്ത്രധാരണരീതിയും പേരും സൂചിപ്പിക്കുന്നതുപോലെ ഏതെങ്കിലും മതമൗലിക പ്രസ്ഥാനവുമായി എനിക്കു ബന്ധമില്ല. ഞാന്‍ അടിസ്ഥാനപരമായി മനുഷ്യാവകാശ പ്രവര്‍ത്തനം നടത്തുന്ന, ജനാധിപത്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആളാണ്.
ഹരിയാനയിലെ ക്വാറി തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ എനിക്ക് പലപ്പോഴും മത പ്രസ്ഥാനങ്ങളുമായി ഏറ്റുമുട്ടേണ്ടിവന്നിട്ടുണ്ട്. ദരിദ്രരായ ജനങ്ങള്‍ക്കു വേണ്ടി പതിനെട്ടു ദിവസം നീണ്ട ഒരു മാര്‍ച്ച് റെഡ്ഫോര്‍ട്ടിലേക്ക് നടത്തുകയും പ്രസിഡണ്ടിന് ഒരു നിവേദനം സമര്‍പ്പിക്കുകയും ചെയ്തു. ‘മുതലാളിത്തം തുലയട്ടെ, അഴിമതി തുലയട്ടെ’ എന്നതായിരുന്നു മുദ്രാവാക്യം. 1968ല്‍ ആയിരുന്നു അത്.
ഹരിയാനയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മദ്യഷാപ്പുകള്‍ ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണ്ണമാകുന്നു എന്നുകണ്ട് അവിടത്തെ സ്ത്രീകള്‍ മദ്യഷാപ്പുകള്‍ ഇല്ലായ്മ ചെയ്യുന്നതിനായുള്ള ഒരു നിര്‍ദ്ദേശം മുന്നോട്ടു വച്ചു. ഈ നിവേദനവുമായി സ്ത്രീകളുടെ ഒപ്പം ഞാനും പോയി മുഖ്യമന്ത്രിയെ കണ്ടു.
മദ്യഷാപ്പുകള്‍ തുടങ്ങി പണം സമാഹരിച്ചുകൊണ്ട് നാടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്താമെന്ന് കരുതിയ ആളായിരുന്നു മുഖ്യമന്ത്രി. അതുകൊണ്ടുതന്നെ മദ്യവിരുദ്ധസമരം തെറ്റാണെന്നു എന്നോടു പറഞ്ഞു. മാത്രമല്ല എന്നെ തടവിലാക്കുകയും ചെയ്തു. മഹാത്മാഗാന്ധിയുടെ പേരില്‍ നാടുഭരിക്കുന്നവര്‍ മദ്യത്തിനെതിരെ സംസാരിച്ചതിന്റെ പേരില്‍ എന്നെ തടവിലാക്കിയപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു.
പിന്നീട് 1974ല്‍ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ സമ്പൂര്‍ണ്ണ വിപ്ലവപ്രസ്ഥാനം തുടങ്ങിയപ്പോള്‍ ഞാന്‍ അതിനോടൊപ്പം ചേര്‍ന്നു. അടിയന്തിരാവസ്ഥ വന്നപ്പോള്‍ ഒരു കാരണവുമില്ലാതെ ‘മിസ’ പ്രകാരം എന്നെ തടവിലാക്കി. അനവധി വ്യക്തികള്‍ യാതൊരുവിധ കുറ്റാരോപണവുമില്ലാതെ തടവിലാക്കപ്പെട്ടു.
പതിനാലുമാസങ്ങള്‍ ജയിലില്‍ കിടന്നു. അവിടെനിന്ന് പുറത്തുവന്ന ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് എം.എല്‍.എ ആയി, വിദ്യാഭ്യാസമന്ത്രിയായി. ഞാന്‍ പ്രതിനിധിയായിരുന്ന ഫരിദാബാദ് പ്രദേശത്തെ ട്രേഡ് യൂണിയന് ചുമതല മറ്റു ചെറുപ്പക്കാര്‍ക്ക് കൈമാറിക്കൊണ്ടാണ് ഞാന്‍ മന്ത്രിയായത്. അവര്‍ അവിടെ സമരം തുടര്‍ന്നു.
മുഖ്യമന്ത്രിയായ ഭജന്‍ലാല്‍ അവിടത്തെ ഭൂവുടമകളുമായി സൗഹൃദത്തിലായിരുന്നു. അവരുമായി ഗൂഢാലോചന നടത്തി തൊഴില്‍സമരങ്ങളും പൊതുയോഗങ്ങളും നടത്തുന്നത് നിരോധിച്ചു. തൊഴിലാളികള്‍ സമാധാനപരമായി നടത്തിയ സമരത്തെ തോക്കും ലാത്തിയും കൊണ്ട് നേരിടുകയും തൊഴിലാളികള്‍ മരണപ്പെടുകയും ചെയ്തു.
ഇതിനെതിരെ മന്ത്രിസഭയില്‍ ഞാന്‍ ശബ്ദമുയര്‍ത്തിയപ്പോള്‍ നിങ്ങള്‍ വിദ്യാഭ്യാസമന്ത്രിയുടെ ചുമതലകള്‍ നിര്‍വഹിച്ചാല്‍ മതിയെന്നും, വെടിവെപ്പിന്റെ കാര്യത്തില്‍ നിങ്ങള്‍ ഇടപെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പട്ടംതാണുപിള്ള മന്ത്രിസഭയുടെ കാലത്തുനടന്ന വെടിവെപ്പില്‍ ഒരാള്‍ മരണപ്പെട്ടപ്പോള്‍ റാം മനോഹര്‍ ലോഹ്യ ആവശ്യപ്പെട്ടതനുസരിച്ച് മന്ത്രി രാജിവെച്ച കാര്യം ഞാന്‍ ചൂണ്ടിക്കാണിച്ചു.
മുഖ്യമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ച് മന്ത്രിസ്ഥാനം രാജിവെച്ച് ദരിദ്രരായ അടിമത്തൊഴിലാളികള്ക്കും ക്വാറി തൊഴിലാളികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നതിനായി ജനങ്ങള്‍ക്കിടയിലേക്ക് പോയി. മുഖ്യമന്ത്രി ഇവര്‍ക്കുവേണ്ടി സമരംചെയ്ത (തന്റെ ക്യാബിനറ്റില്‍ മന്ത്രിയായിരുന്ന) എന്നെ വധിക്കുമെന്ന് പരസ്യമായി പ്രസംഗിച്ചു. രണ്ടു വര്‍ഷം മുമ്പു ഒരു വ്യവസായ മുതലാളിക്കുനേരെ നടന്ന വധശ്രമത്തിന്റെ പേരില്‍ എനിക്കെതിരെ കേസെടുത്തു.
പതിനൊന്നു വര്‍ഷമായി അകാരണമായി തടവില്‍ കഴിയുന്ന നാഗഭൂഷന്‍ പട്നായിക്ക് എന്ന വിപ്ലവനായകനുവേണ്ടി അദ്ദേഹത്തിനു നേരെ നടക്കുന്ന മനുഷ്യാവകാശധ്വംസനത്തിനെതിരായി ഞാന്‍ എഴുതുകയും പ്രസംഗിക്കുകയും ചെയ്തു. അതിന്റെ പേരില്‍ എന്നെ നക്സലൈറ്റ് എന്ന മുദ്ര കുത്തി 1974ല്‍ ജയിലിലാക്കി. ഇതുവരെയായി പതിനൊന്നുതവണ എനിക്ക് ജയില്‍വാസം അനുഭവിക്കേണ്ടിവന്നിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിലില്‍ ഛത്തിസ്ഗഢില്‍ ഏറ്റുമുട്ടലില്‍ 76 പാരാ മിലിട്ടറി അംഗങ്ങള്‍ കൊല്ലപ്പെട്ടു. ഞാന്‍ ആ ആക്രമണത്തെ അപലപിക്കുകയുണ്ടായി. ഞാനടക്കം നാല്പതോളം ആളുകള്‍ (പ്രൊഫ.യശ്പാല്‍, പ്രൊഫ. നാരായണന് സന്യാല്‍ അങ്ങനെ രാജ്യം ആദരിക്കുന്ന പണ്ഡിതന്മാരുള്പ്പെടെ) ദണ്ഡവാഡയിലേക്കു പോയി. ഞങ്ങളെല്ലാം അക്രമത്തിനെതിരായ നിലപാടാണ് എടുത്തത്, ഞങ്ങള്‍ ഭരണകൂടഭീകരതയെയും അപലപിച്ചു.
ഭരണകൂടഭീകരത അനുഭവിക്കുന്ന ദണ്ഡവാഡയിലെ ദരിദ്രരായ ദളിതരും ആദിവാസികളുമായ ജനങ്ങളോട് ഞങ്ങള്‍ സംസാരിച്ചു. 2010 മെയ് മാസം 5ാം തീയതിമുതല്‍ 10ാം തീയതി വരെയായിരുന്നു ഞങ്ങളുടെ മാര്‍ച്ച്. ഈ മാര്‍ച്ചില്‍ വെടിയുണ്ടയല്ല സമാധാന ചര്‍ച്ചയാണ് പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമെന്നായിരുന്നു ഞങ്ങളുടെ മുദ്രാവാക്യം. 10ാം തിയതി മാര്‍ച്ച് കഴിഞ്ഞ് മെയ് 11ന് ആഭ്യന്തരമന്ത്രി പി. ചിദംബരം വളരെ രഹസ്യമായി ഒരു കത്ത് എനിക്ക് കൊടുത്തയച്ചു. അതില്‍ ഞങ്ങള്‍ നടത്തിയ മാര്‍ച്ചിനെ അഭിനന്ദിച്ചിരുന്നു.
മാവോയിസ്റ്റുകളുമായി ചര്‍ച്ച നടത്താന്‍ ഭരണകൂടം തയ്യാറാണെന്നും അവര്‍ തയ്യാറാവുകയാണെങ്കില്‍ അക്രമത്തിന് അറുതിവരുമെന്നും, അതിന് ഞാന്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഈ അഭ്യര്‍ത്ഥന മുഖവിലക്കെടുത്ത് മാവോവാദികളുമായുള്ള ബന്ധം ഉപയോഗിച്ചുകൊണ്ട് അവരുമായി ആശയവിനിമയം നടത്താനും സന്ധിസംഭാഷണത്തിനും ഞാന്‍ ശ്രമിച്ചു.
എന്നാല്‍ അവര്‍ എന്നോട് പറഞ്ഞു, ഭരണകൂടത്തെ വിശ്വസിക്കാന്‍ കൊള്ളില്ല എന്ന്. ഞാന്‍ വീണ്ടും ചിദംബരവുമായി ബന്ധപ്പെട്ടു നക്സലൈറ്റുകള്‍ ഒരു സന്ധിസംഭാഷണത്തിനും തയ്യാറാവില്ല എന്നാണ് അദ്ദേഹം പറഞ്ഞത്; അവരെ വിശ്വസിക്കാന്‍ കഴിയില്ല എന്നും.
ഞാനുമായി സംഭാഷണത്തില്‍ ഏര്‍പ്പെടുന്നു എന്ന കാര്യം വെളിപ്പെടുത്തിയപ്പോള്‍ ഞാനും കാര്യങ്ങള്‍ വെളിപ്പെടുത്തി. അതിനുശേഷം നക്സലൈറ്റുകള്‍ എനിക്കു തന്ന കത്തിലെ കാര്യങ്ങള്‍ ഞാന്‍ ചിദംബരത്തിനു കൈമാറി. അവര്‍ കത്തില്‍ എഴുതിയത് സത്യമാണെന്നും അവരെ വിശ്വസിക്കാമെന്നും ഞാന്‍ ചിദംബരത്തോടു പറഞ്ഞു.
ഭരണകൂടവുമായി ഒരു കൂടിയാലോചന നടത്തുന്നതിന് മുന്‍കൈയെടുക്കുകയും ഇതിനുള്ള സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്ത് മുന്നോട്ടു വന്ന നേതാവായിരുന്നു രാജ്കുമാര് എന്ന ആസാദ്. അദ്ദേഹം ഹൈദരാബാദില്‍ വെച്ച് ഒരു ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്നാണ് സര്‍ക്കാര്‍ ആദ്യം പ്രഖ്യാപിച്ചത്.
നാഗ്പൂര്‍ റെയില്‍വേസ്റ്റേഷനില്‍ നിന്ന് പുറത്തുവരുമ്പോഴാണ്. രഹസ്യമായി പിന്തുടര്ന്നിരുന്ന പോലീസ് രാജ്കുമാറിനെയും പത്രപ്രവര്‍ത്തകനായ പാണ്ഡെയെയും കസ്റ്റഡിയിലെടുത്തത്. അവിടെ നിന്ന് ഹെലികോപ്റ്ററില്‍ കയറ്റിയാണ് ഹൈദരാബാദില്‍ കൊണ്ടുവന്നത്. അവിടെവെച്ചാണ് എ കെ 47 തോക്കുകൊണ്ട് വളരെ അടുത്തു നിന്ന്, ഇടത്തെ മുലക്കണ്ണിന് താഴെ വെടിവെച്ച് അദ്ദേഹത്തെ കൊലപ്പെടുത്തിയത്. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഫോറന്‍സിക് വിദഗ്ധന്‍ ഇത് സ്ഥിരീകരിച്ചു.
ആസാദിനെ കൊല ചെയ്യുക മാത്രമല്ല, മാവോയിസ്റ്റുകളുമായി നടത്തുന്ന സംഭാഷണശ്രമങ്ങളെക്കൂടി ഇല്ലാതാക്കുവാനും സര്‍ക്കാര്‍ ശ്രമിച്ചു.
ഞാന്‍ ആഭ്യന്തരമന്ത്രിയെ വിശ്വസിച്ചു. പക്ഷേ ഭരണകൂടം എത്രമേല്‍ നിഷ്ഠുരമാണ് എന്ന് ഈ കൊലപാതകം എന്നെ ബോധ്യപ്പെടുത്തി; ഈ നാടിനെയും. ഞാന്‍ ഒരു ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഭരണകൂടത്തിന് എഴുതി. നാളിതുവരെ അതിനുള്ള നടപടിയുണ്ടായില്ല. ഓപ്പറേഷന് ഗ്രീന്‍ഹണ്ട് നിര്‍ത്തിവെക്കാന്‍ ചിദംബരത്തോട് ആവശ്യപ്പെട്ടു.
ജുലൈ 25ാം തിയ്യതി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ കണ്ടു. ജുഡീഷ്യല്‍ അന്വേഷണത്തിനു തയ്യാറാണെന്ന് പ്രധാനമന്ത്രി എന്നോടു പറഞ്ഞു. ഈ കാര്യം പരസ്യമാക്കരുതെന്നും. പിന്നീട് ലാല്‍ഗഢില്‍ വച്ച് റെയില്‍വെ മന്ത്രിയായിരുന്ന മമതാബാനര്‍ജിയെ കണ്ടു. അവരും ഇത് കൊലപാതകമാണെന്നും ആയതുകൊണ്ട് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പരസ്യമായി പ്രഖ്യാപിച്ചു. അതിനുശേഷം രാഹുല്‍ഗാന്ധിയെയും സോണിയാഗാന്ധിയെയും കണ്ടു.
എന്നാല്‍ വേണ്ട നടപടി ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഇല്ലാതായപ്പോഴാണ് സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. അതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി നമ്മുടെ നാട്ടിലെ പൗരന്മാരെ അരുംകൊല ചെയ്യുന്നതിന് ഭരണകൂടത്തിന് അധികാരമില്ലെന്ന് പറയുകയും തക്കതായ കാരണം ബോധിപ്പിക്കാന്‍ കേന്ദ്രഗവണ്മെന്റിനോട് ആവശ്യപ്പെടുകയും ചെയ്തത്.
പ്രമുഖ അഭിഭാഷകന് പ്രശാന്ത് ഭൂഷന് ആണ് ഈ കേസ് വാദിക്കാന്‍ തയ്യാറായത്. അതുകൊണ്ടുതന്നെ ഭരണകൂടം ഒരു മറുപടി പറയാന്‍ ബാധ്യസ്ഥമായിരിക്കുമെന്നു ഞാന്‍ കരുതുന്നു. നമ്മുടെത് ഒരു ജനാധിപത്യരാജ്യമാണ്. ശ്രേഷ്ഠമായ ഒരു ഭരണഘടന നമുക്കുണ്ട്. സാമ്പത്തിക വികാസത്തിനുവേണ്ടിയുള്ള പദ്ധതികള്‍ നമുക്കുണ്ട്. പക്ഷേ ഭരണകൂടത്തിന്റേത് അതിക്രൂരമായ മുഖമാണ്. അത് മാനവികതയുടെ മുഖമല്ല.
മാവോയിസ്റ്റ് ആക്രമണത്തെ ഞാന്‍ അനുകൂലിക്കുന്നില്ല, ന്യായീകരിക്കുന്നുമില്ല. പക്ഷേ, മാവോയിസ്റ്റുകളെകൊണ്ട് ദണ്ഡവാഡയിലേയും ഛത്തിസ്ഗഢിലെയും ദരിദ്രരായ ദളിത് ആദിവാസികളെ അക്രമത്തിന്റെ പാതയിലേക്ക് നയിച്ചത് ഭരണകൂടമാണ് എന്ന് ഞാന്‍ കരുതുന്നു.
ഇന്ദിരാഗാന്ധി 1974ല്‍ തുടങ്ങിവച്ച ്രൈടബല്‍ സബ് പ്ലാന്‍ ഇനിയും നടപ്പിലാക്കപ്പെട്ടില്ല. അതിനുശേഷം ജനക്ഷേമപരമായ നിരവധി പദ്ധതികളുടെ പ്രഖ്യാപനമുണ്ടായി. ഒന്നും നടപ്പിലായില്ല. ആരാണ് ഇതിന് ഉത്തരവാദികള്‍? ആദിവാസിമേഖലകളിലെ സ്ത്രീകളും പുരുഷന്മാരും ചെറുപ്പക്കാരും ആയുധമെടുക്കുന്നെങ്കില്‍ ആരാണതിനു കാരണം?.
ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലും ചുവപ്പുകോട്ടയില്‍ നിന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി പ്രസംഗിച്ചു, നാം നേരിടുന്ന പ്രധാന സുരക്ഷാഭീഷണി മാവോവാദികളുടെ അഭ്യന്തരകലാപമാണ്. ചിദംബരവും ഇതുതന്നെയാണ് പറയുന്നത്. പ്രധാനമന്ത്രി അടക്കമുള്ള മന്ത്രിമാരാരും പക്ഷേ ഭരണകൂടം നടത്തുന്ന അതിക്രമങ്ങളെക്കുറിച്ച്, ഹിംസയെക്കുറിച്ച് ഒരക്ഷരവും മിണ്ടുന്നില്ല. ഭരണകൂടം നടത്തുന്ന ഹിംസ ഘടനാപരമായ ഹിംസയാണ്. വികസനത്തിന്റെ പേരില്‍ ജനങ്ങള്‍ക്കുമേല്‍ ദുരിതം അടിച്ചേല്‍പ്പിക്കുന്നതും അക്രമം തന്നെയാണ്.
അതിനുപുറമെയാണ് നമ്മുടെ സമൂഹത്തില്‍ ഇന്നു നിലനില്‍ക്കുന്ന ജാതീയമായ തൊട്ടുകൂടായ്മ അടക്കമുള്ള ഹിംസ. ശ്രീനാരായണഗുരുവിനെപ്പോലെയുള്ള സാമൂഹ്യപരിഷ്കര്‍ത്താക്കള്‍ നമ്മുടെ ഇടയില്‍ ജീവിച്ചുപോയിട്ടും ജാതീയമായ അതിക്രമം നടക്കുന്നു, ലിംഗപരമായ ഹിംസ അതിഭീകരമായി തുടരുന്നു, 25,000 യുവതികള്‍ സ്ത്രീധനത്തിന്റെ പേരില്‍ ഒരു വര്‍ഷം കൊലചെയ്യപ്പെടുന്നു.
ഈ ഹിംസകള്‍ക്ക് പുറമെയാണ് രാഷ്ട്രീയനേതൃത്വവും ഭരണവര്‍ഗ്ഗവും നടത്തുന്ന അഴിമതി. ഇങ്ങനെ ജനങ്ങളെ കൊള്ളയടിക്കുന്ന പണം വിദേശബാങ്കുകളില്‍ നിക്ഷേപിക്കുകയാണ്. ലീച്ച്ടെന്സ്റ്റൈനില് നടക്കുന്ന കാര്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. 52,000 മാത്രം ജനസംഖ്യയുള്ള, 564 ച.കി.മീ. വിസ്തൃതിയുള്ള ഇവിടെ 80,000 കോര്‍പ്പറേറ്റ് കമ്പനികളുണ്ട്. 5000 ത്തോളം ബാങ്കുകളുണ്ട്. ഇവിടെയാണ് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമായി ജനങ്ങളെ കൊള്ളയടിക്കുന്ന കള്ളപ്പണം നിക്ഷേപിക്കുന്നത്.
ഇന്ന് പുനഃകോളനീകരണത്തിനു ശേഷവും സാമ്രാജ്യത്വം അതിന്റെ കളി തുടര്‍ന്നുകൊണ്ടിരിക്കുന്നു. എന്തുകൊണ്ടാണ് നമ്മുടെ നാട് ദരിദ്രമായിരിക്കുന്നത്? എന്തുകൊണ്ടാണ് പട്ടിണിമൂലം ഓരോ ദിവസവും 7000ത്തോളം കുഞ്ഞുങ്ങള്‍ നമ്മുടെ നാട്ടില്‍ മരിച്ചുകൊണ്ടിരിക്കുന്നത്? യഥാര്‍ത്ഥത്തില്‍ ഇതല്ലേ ഭീകരത? ഹിംസ? കാശ്മീരിലും മണിപ്പൂരിലും മറ്റ് വടക്കുകിഴക്കന്‍സംസ്ഥാനങ്ങളിലും ദിനംപ്രതി എത്രപേരാണ് കൊല്ലപ്പെടുന്നത്? ഇവിടെ ഭരിച്ച എല്ലാ പ്രധാനമന്ത്രിമാര്‍ക്കും രാഷ്ട്രപതിമാര്‍ക്കും മറ്റു ഭരണാധികാരികള്‍ക്കും ഈ ഹിംസകളിലെല്ലാം ഉത്തരവാദിത്വം ഉണ്ട്.
ഉത്തര്‍പ്രദേശിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ മൂന്നു യുവാക്കള്‍ കൊലചെയ്യപ്പെട്ട സംഭവം അന്വേഷിക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതിയിലെ ജസ്റ്റിസ്. വി എ ദേവസ്യയുടെ നേതൃത്വത്തില്‍ നിയുക്തമായ സംഘത്തില്‍ ഞാനും ഉണ്ടായിരുന്നു. ഞങ്ങള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് അന്നത്തെ രാഷ്ട്രപതിയായ കെ.ആര്. നാരായണന് സമര്‍പ്പിച്ചു. ജനവരി 25ന് വൈകീട്ട് അദ്ദേഹം നടത്തിയ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞ ഒരു കാര്യമുണ്ട്: ”ഇന്ത്യന്‍ റിപ്പബ്ലിക് ദരിദ്രരായ ഗോത്രവര്‍ഗ്ഗ ജനതയുടെ രക്തത്താലും മാംസത്താലും കെട്ടിപ്പടുത്ത ഒന്നാണെന്ന് ഭാവിതലമുറ പറയാന്‍ ഇടവരുത്തുന്ന ഒരു സ്ഥിതിവിശേഷം ഉണ്ടാവരുത്."
സൗമ്യസ്വഭാവമുള്ള മലയാളിയായ പ്രതിരോധമന്ത്രി എ.കെ. ആന്റണിയെ ഞാന്‍ കണ്ടിരുന്നു. മാവോവാദികളുടെ അക്രമത്തെ അടിച്ചമര്‍ത്താന്‍ ഗ്രാമങ്ങളിലേക്ക് സൈന്യത്തെ അയക്കാനുള്ള തീരുമാനത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ അങ്ങനെയൊന്ന് ഉണ്ടാവില്ലെന്നാണ് അദ്ദേഹം തന്ന മറുപടി. എന്നാല്‍ നാരായണ്‍പൂര്‍ എന്ന ഗ്രാമത്തില്‍ ഒരു സൈനികപരിശീലനകേന്ദ്രം സ്ഥാപിക്കുകയാണ് ചെയ്തത്.
ഛത്തീസ്ഗഢില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച സാല്‍വാജൂദം എന്ന ഗുണ്ടാസംഘം നടത്തുന്ന നരനായാട്ടിനെതിരെ സംസാരിച്ചതിനാണ് ഡോ. ബിനായക് സെന്നിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജീവപര്യന്തം തടവു ശിക്ഷയ്ക്ക് വിധിച്ചത്. അദ്ദേഹം ഭരണകൂടത്തിനെതിരായി യാതൊന്നും പ്രവര്‍ത്തിച്ചിട്ടില്ല.
ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന രാജ്യദ്രോഹനിയമമാണ് ഇന്നും നമ്മുടെ പീനല്‍ കോഡിനകത്ത് തുടരുന്നത്. ഇപ്പോഴത്തെ ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍സിങ്ങ് പറഞ്ഞത് മാവോവാദികളുടെ അക്രമപ്രവര്‍ത്തനത്തിനെതിരെ പൊതുസുരക്ഷാനിയമം മാത്രമാണ് ഏക പോംവഴി എന്നാണ്. ആഭ്യന്തരമന്ത്രി ചിദംബരം പറയുന്നതും ഇതുതന്നെ. കാശ്മീരില്‍ കൊല്ലപ്പെടുന്നത് ഭീകരവാദികള്‍ മാത്രമാണെന്ന് ആര്‍ക്കും പറയാനാവില്ല. കൊല്ലപ്പെട്ടവരുടെ വീടുകളില്‍ ഞാന്‍ പോയിട്ടുണ്ട്. ഒരു മന്ത്രിയും അവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. ഭരണകൂടഭീകരതയുടെ ക്രൂരമുഖമാണ് ഞാന്‍ അവിടെ കണ്ടത്.
മണിപ്പൂരില്‍ സൈന്യത്തിന്റെ പ്രത്യേക അധികാരനിയമത്തിനെതിരെയും സൈന്യം നടത്തുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെയും കഴിഞ്ഞ പത്തു വര്‍ഷമായി നിരാഹാരസമരം നടത്തുന്ന ഈറോം ഷര്‍മ്മിള എന്ന പെണ്‍കുട്ടിയെ ഈ സമയത്ത് ഓര്‍ക്കാതിരിക്കാന്‍ ആവില്ല. നാം അവര്‍ക്കൊപ്പമാണെന്നു പ്രഖ്യാപിക്കാന്‍ ഈ അവസരം വിനിയോഗിക്കുന്നു.
സോണിയാഗാന്ധി ഗ്രാമപ്രദേശങ്ങളിലെ അസമത്വത്തെക്കുറിച്ച് മനോഹരമായ ലേഖനം കോണ്‍ഗ്രസിന്റെ പ്രസിദ്ധീകരണത്തില്‍ എഴുതിയിരുന്നു. ആ പ്രശ്നത്തിന്റെ മൂലകാരണങ്ങളെക്കുറിച്ച് അന്വേഷിച്ചുകൊണ്ട് മുന്നോട്ട് പോവേണ്ടതിന്റെ ആവശ്യം ഞാന്‍ സൂചിപ്പിച്ചു. അന്വേഷിക്കാമെന്നവര് പറഞ്ഞുവെന്നല്ലാതെ മറ്റൊന്നും സംഭവിച്ചില്ല.
ഇതുവരെ ജനങ്ങള്‍ ജുഡീഷ്യറിയില്‍ വിശ്വസിച്ചിരുന്നു. ജുഡീഷ്യറിയും അഴിമതിയുടെ ആഴങ്ങളില്‍ ആണ്ടുകിടക്കുന്നു എന്ന് സത്യസന്ധരായ മുന്‍ സുപ്രീം കോടതി ജഡ്ജിമാര്‍ നമ്മോട് തുറന്നു പറഞ്ഞിരിക്കുന്നു.
നവംബര്‍ 14ന് ഞാനും കിരണ്‍ ബേദിയുമടക്കമുള്ള 10,000ത്തോളം പേര് പാര്‍ലമെന്റ് പരിസരത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് സുരേഷ് കല്‍മാഡിയുടെ അഴിമതിക്കെതിരെ ഒരു കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് നടത്തി. ഉയര്‍ന്ന പോലീസുദ്യോഗസ്ഥയായിരുന്ന കിരണ്‍ബേദി ഉണ്ടായിട്ടുപോലും ഒരു എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യുന്നതിന് ഞങ്ങള്‍ക്ക് കഴിഞ്ഞില്ല.
അഴിമതിക്കെതിരായ പുതിയ ലോക്പാല്‍ നിയമത്തിന്റെ കരടുമായി ഞാന്‍ സ്പീക്കര്‍ മീരാകുമാറിനെ കാണുകയുണ്ടായി. 176 ലക്ഷം കോടി രൂപയുടെ ലോകം കണ്ട ഏറ്റവും വലിയ അഴിമതിയുടെ പേരില്‍ മുന്‍മന്ത്രി രാജയെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഗുണപരമായി എന്തെങ്കിലും സംഭവിക്കുമെന്ന് ഞാന്‍ കരുതുന്നില്ല.
എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമില്ലെന്ന് ഞാന്‍ കരുതുന്നില്ല. തീര്‍ച്ചയായും പരിഹാരമുണ്ട്. ലോകത്ത് നാനാ ഇടങ്ങളില്‍ കാണുന്നതുപോലെ ജനങ്ങള്‍ സംഘടിക്കുക എന്നതാണ് ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം. ഇന്ന് കാലം നമ്മോട് ആവശ്യപ്പെടുന്നത് ഇത്തരം എല്ലാ അതിക്രമങ്ങള്‍ക്കെതിരെയും ഒന്നിച്ച് അണിനിരക്കുന്നതിനു വേണ്ടിയാണ്.
Financial Terrorism എന്ന പുസ്തകത്തില്‍ ഇന്ത്യയില്‍ നടക്കുന്ന അഴിമതിയുടെ ഭീകരത വെളിപ്പെടുത്തുന്നുണ്ട്. 30 ട്രില്ല്യന്‍ ഡോളറാണ് ഇന്ത്യയില്‍ കള്ളപ്പണമായി സമാഹരിക്കപ്പെട്ട് വിദേശത്ത് നിക്ഷേപിക്കപ്പെട്ടത്. വിദേശബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ച ഈ അഴിമതിക്കാരുടെ പേരുകള്‍ വെളിപ്പെടുത്തിക്കൂടെ എന്ന് പ്രധാനമന്ത്രിയോട് ചോദിക്കുമ്പോള്‍, അദ്ദേഹം പറയുന്നത് നിരവധി രാജ്യങ്ങളുമായുള്ള കരാറുകള്‍ നമുക്ക് നഷ്ടമാവും, ഈ കരാറുകള്‍ മാനിക്കേണ്ടതുണ്ട് എന്നൊക്കെ യാണ്.
അഴിമതിക്കാരുടെ പേര് പുറത്തുപറയുന്നതിലൂടെ നഷ്ടമായേക്കാവുന്ന രാജ്യാന്തരകരാറുകള്‍ നഷ്ടമായിക്കൊള്ളട്ടെ എന്നാണ് എന്റെ അഭിപ്രായം. ഈ നാട്ടിലെ മുഴുവന്‍ ജനങ്ങളുടെയും അഭിപ്രായം ഇതു തന്നെയാവും. ലോകത്ത് ഏറ്റവും കൂടുതല്‍ അഴിമതിഗ്രസ്തമായ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് ഡോ. മന്‍മോഹന്‍സിങ്. അദ്ദേഹം അഴിമതിക്കെതിരെ സംസാരിക്കുന്നതിനു അര്‍ത്ഥമില്ല. സ്വന്തം നാട് കൊള്ളയടിക്കപ്പെടുമ്പോള്‍, അദ്ദേഹം എത്ര തന്നെ സത്യസന്ധനായാലും, വെറും കാവല്‍ക്കാരനാണെന്നു പറഞ്ഞ് മാറിനില്‍ക്കുന്നത് ഈ രാജ്യത്തെ ജനങ്ങള്‍ക്ക് പൊറുക്കാനാവില്ലെന്നു ഞാന്‍ കരുതുന്നു.
പാര്‍ട്ടികള്‍ക്ക് അതീതമായി എല്ലാത്തരം അഴിമതിക്കും അതിക്രമത്തിനുമെതിരെ പോരാടുന്നതിനായി ഐക്യപ്പെടുക എന്നതാണ് നമുക്കു ചെയ്യാനുള്ളത്. അഴിമതിക്കെതിരായി ജനകീയ യുദ്ധം അതാവട്ടെ നമ്മുടെ മുദ്രാവാക്യം.
(”ജനങ്ങള്‍ക്കെതിരായ യുദ്ധവിരുദ്ധ സമിതി”യുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി അഞ്ചിന് തൃശൂരില്‍ നടത്തിയ പ്രഭാഷണത്തിന്റെ സംക്ഷിപ്തരൂപം.
തയ്യറാക്കിയത് : പി അംബിക)
തയ്യറാക്കിയത് : പി അംബിക)
അവഗണിക്കാന്‍ ആഗ്രഹിക്കുന്ന കുറേ സത്യങ്ങള്‍ ആണ് ഇതു എല്ലാം.............
ReplyDelete