മൂന്നാര്‍: ചെങ്ങറയിലെ സമരഭൂമിയില്‍നിന്നും സ്വന്തം സ്‌ഥലത്തിന്റെ പട്ടയവുമായെത്തിയ 30 ദളിത് കുടുംബങ്ങള്‍ മൂന്നു ദിവസമായി പെരുവഴിയില്‍. കീഴാന്തൂര്‍ വില്ലേജിലെ ചന്ദ്രമണ്ഡലം, വേട്ടക്കാരന്‍ കോവില്‍ എന്നിവിടങ്ങളില്‍ ഭൂമി ലഭിച്ച പട്ടികജാതി കുടുംബങ്ങളാണ് ഉദ്യോഗസ്‌ഥരുടെ അലംഭാവംമൂലം ഭൂമി കണ്ടെത്താനാകാതെ അലയുന്നത്.
പട്ടികജാതി വിഭാഗത്തിന് അര ഏക്കറും മറ്റുള്ളവര്‍ക്ക് 25 സെന്റും വീതമാണ് കീഴാന്തൂരില്‍ നല്‍കിയത്. ഇതിന്റെ പട്ടയവുമായി ചൊവ്വാഴ്‌ച എത്തിയവര്‍ക്കാണ് സ്വന്തം ഭൂമി കണ്ടെത്താന്‍ കഴിയാതെ കടത്തിണ്ണകളിലും മറ്റും കഴിയേണ്ടിവന്നത്. ചെങ്ങറയില്‍നിന്നും വണ്ടിക്കൂലിയും മറ്റും കടംവാങ്ങി എത്തിയവര്‍ക്ക് താമസിക്കാന്‍ താത്‌ക്കാലിക സൗകര്യംപോലും അധികൃതര്‍ നല്‍കിയില്ല. കുടില്‍ നിര്‍മാണത്തിന് 3000 രൂപ അനുവദിക്കുമെന്നും സൗജന്യ റേഷന്‍ നല്‍കുമെന്നും അറിയിച്ചിരുന്നിട്ടും അതുമില്ല. സ്‌ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം ഒരു ദിവസം തങ്ങിയത് പയസ് നഗറിലെ പാരിഷ്‌ഹാളിലാണ്.
350 ഏക്കറോളം വരുന്ന യൂക്കാലി തോട്ടമാണ് അനുവദിച്ചിരിക്കുന്നതെന്ന് അധികൃതര്‍ പറയുമ്പോള്‍ ഈ ഭൂമിക്ക് അവകാശമുന്നയിച്ച് സമീപവാസികളില്‍ ചിലരെത്തിയതും ഇവര്‍ക്ക് ആശങ്കയുണ്ടാക്കിയിരിക്കുകയാണ്. വിശാലമായ കുന്നില്‍ കുടിവെള്ളത്തിനും മാര്‍ഗമില്ല. നാട്ടില്‍നിന്നുള്ള സമ്പാദ്യവുമായി എത്തിയ ഇവര്‍ക്ക് തിരികെ പോകാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ പൊതുവായി ഷെഡ് നിര്‍മിച്ച് തത്‌ക്കാലം ഒരുമിച്ച് താമസിക്കാന്‍ ഇന്നലെ തീരുമാനമായി. പ്ലോട്ടുകള്‍ തിരിച്ചു നല്‍കാന്‍ ജീവനക്കാരില്ലാത്തതാണ് പ്രശ്‌നമെന്ന് അധികൃതര്‍ പറയുന്നു. ഒറ്റക്കുടിലില്‍ താമസം ആരംഭിച്ചാലും കുടിവെള്ളത്തിനു പാറയിടുക്കിലെ ഒഴുക്കുവെള്ളത്തെ ആശ്രയിച്ചാല്‍ ആരോഗ്യത്തെ ബാധിക്കുമെന്നും ഇവര്‍ ഭയപ്പെടുന്നു.
സ്വന്തമായുള്ള ഭൂമിയില്‍ കൃഷി ആരംഭിക്കുന്നതുവരെ വരുമാനമാര്‍ഗത്തിന് തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തണമെന്നും ആവശ്യമുയര്‍ന്നുകഴിഞ്ഞു. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ ഭൂമി ലഭിച്ചതിന്റെ സന്തോഷവുമായി കീഴാന്തൂരിലെ ചന്ദ്രമണ്ഡലത്തിലെത്തിയവര്‍ക്ക് തെരുവോരങ്ങളില്‍ ഓണം ആഘോഷിക്കേണ്ട സ്‌ഥിതിയാണുള്ളത്.
(മംഗളം)
No comments:
Post a Comment