July 30, 2010

ശുദ്ധജലം ഇനി മനുഷ്യാവകാശം



യുണൈറ്റഡ് നേഷന്‍സ്: ശുദ്ധജലത്തിനും ശുചിത്വത്തിനുമുള്ള അവകാശം അടിസ്ഥാന മനുഷ്യാവകാശങ്ങളില്‍ ഒന്നാണെന്ന് ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച പ്രമേയം 122 രാജ്യങ്ങളുടെ പിന്തുണയോടെ ഐക്യരാഷ്ട്ര പൊതുസഭ പാസ്സാക്കി. ആരും എതിര്‍ത്ത് വോട്ടുചെയ്തില്ലെങ്കിലും അമേരിക്കയും ബ്രിട്ടനുമുള്‍പ്പെടെ 41 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു.

സ്വന്തം പൗരന്മാര്‍ക്ക് ശുദ്ധജലമെത്തിക്കുന്നത് ഓരോ അംഗരാജ്യത്തിന്റെയും ഉത്തരവാദിത്വമാണെന്ന് പ്രഖ്യാപിക്കുന്ന പ്രമേയം ശുദ്ധജല ലഭ്യത ഉറപ്പാക്കാന്‍ ഉദാരമായി സംഭാവന ചെയ്യാന്‍ വ്യക്തികളോടും സംഘടനകളോടും ആഹ്വാനം ചെയ്യുന്നു. ഇക്കാര്യത്തില്‍ ഓരോ രാജ്യവും അനുവര്‍ത്തിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് ഐക്യരാഷ്ട്രസഭ പിന്നീട് വ്യക്തമാക്കും. അന്താരാഷ്ട്ര നിയമങ്ങളുടെ പിന്‍ബലമില്ലാത്തതുകൊണ്ട് പ്രഖ്യാപനം പാലിക്കപ്പെടുമെന്ന് ഉറപ്പൊന്നുമില്ല. പ്രതീകാത്മക പ്രധാന്യമേയുള്ളൂവെങ്കിലും പ്രമേയം നടപ്പാക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും ധാര്‍മിക ബാധ്യതയുണ്ട്.

ലാറ്റിനമേരിക്കന്‍ രാജ്യമായ ബൊളീവിയയാണ് പൊതുസഭയില്‍ പ്രമേയം കൊണ്ടുവന്നത്. ചൈന, റഷ്യ, ജര്‍മനി, ഫ്രാന്‍സ്, സ്‌പെയിന്‍, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. അമേരിക്കയ്ക്കും ബ്രിട്ടനും പുറമെ കാനഡ, ഓസ്‌ട്രേലിയ, ബോട്‌സ്വാന തുടങ്ങിയ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു.

അംഗരാജ്യങ്ങളുടെ ഉത്തരവാദിത്വങ്ങളും ബാധ്യതകളും വ്യക്തമായി നിര്‍വചിച്ചിട്ടില്ലെന്നു പറഞ്ഞാണ് അമേരിക്ക ഉള്‍പ്പെടെയുള്ള സമ്പന്ന രാജ്യങ്ങള്‍ വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നത്. നിലവിലുള്ള അന്താരാഷ്ട്ര നിയമങ്ങളുടെ പിന്‍ബലത്തോടെയല്ല പ്രമേയം തയ്യാറാക്കിയതെന്ന് അമേരിക്കയുടെ പ്രതിനിധി ജോണ്‍ എഫ്. സമ്മിസ് പറഞ്ഞു.

ലോകത്ത് 88 കോടി ജനങ്ങള്‍ക്ക് ശുദ്ധജല സൗകര്യമില്ലെന്ന് പ്രമേയം ചൂണ്ടിക്കാണിക്കുന്നു. 260 കോടിയാളുകള്‍ക്ക് കക്കൂസ്-ശുചിത്വ സംവിധാനങ്ങളില്ല. ശുദ്ധജലത്തിന്റെയും ശുചിത്വത്തിന്റെയും അപര്യാപ്തതമൂലം പ്രതിവര്‍ഷം 15 ലക്ഷം കുട്ടികള്‍ മരണമടയുന്നു. എയിഡ്‌സ്, മലമ്പനി, അഞ്ചാംപനി എന്നീ രോഗങ്ങള്‍ മൂലമുണ്ടാകുന്ന മൊത്തം മരണത്തിനേക്കാള്‍ കൂടുതലാണ് ശുദ്ധജലം കിട്ടാത്തതുകൊണ്ടുള്ള മരണങ്ങളെന്ന് പ്രമേയം അവതരിപ്പിച്ച ബൊളീവിയന്‍ പ്രതിനിധി പാബ്ലോ സൊലന്‍ പറഞ്ഞു.

( മാതൃഭൂമി )

1 comment:

  1. So dispointing.... All govt facilities should reach to these areas.

    ReplyDelete